കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിലെ പ്രതികളുടെ ജാമ്യം കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ഉത്തരവ് പുറത്തുവന്നത്. കേസിലെ ആദ്യ മൂന്നു പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
അതേസമയം, വെടിക്കെട്ടപകടം സംബന്ധിച്ച് എഡിഎം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകുമെന്നു സൂചന. എക്സ്പ്ലോസീവ് ആക്ട് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ പൂർണ വ്യക്തത വരുത്തേണ്ടതിനാലാണ് റിപ്പോർട്ട് വൈകുന്നത്. കലക്ടർ കെ.ഇമ്പശേഖറാണ് എഡിഎമ്മിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എക്സ്പ്ലോസീവ് ആക്ട്, ദുരന്തനിവാരണ വകുപ്പുകൾ എന്നിവയാണ് എഡിഎമ്മിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്നത്.