തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പൊലീസിൽ തുടങ്ങിയ സമാന്തര ഇന്റലിജൻസ് സംവിധാനം പിരിച്ചുവിട്ടു. ഡി.ജി.പി അറിയാതെ നാലുമാസം മുമ്പാണ് അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാർ സമാന്തര ഇന്റലിജൻസ് രൂപവത്കരിച്ചത്.
എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് സംവിധാനം പിരിച്ചുവിട്ടത്. സംസ്ഥാനത്ത് സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് വിവരങ്ങൾ തനിക്ക് മാത്രം റിപ്പോർട്ട് ചെയ്യാൻ 20 ഇടങ്ങളിലായി അജിത് കുമാർ 40 നോഡൽ ഓഫിസർമാരടങ്ങിയ സമാന്തര ഇന്റലിജൻസ് രൂപവത്കരിച്ചത്. 40 പേരിൽ 10 പേർ എസ്.ഐമാതും അഞ്ചു പേർ എ.എസ്.ഐമാരും അവശേഷിക്കുന്നവർ സിനിയർ സിവിൽ പൊലീസ് ഓഫിസർമാരുമാണ്. സർക്കാറിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്നും ആരോപണമുയർന്നിരുന്നു. സമാന്തര ഇന്റലിജൻസ് സംവിധാനത്തിനെതിരെ ഡി.ജി.പി ശൈഖ് എസ് ദർവേശ് സാഹിബും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.