Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.

കാസര്‍കോട് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു യുവാവ് കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. ഇന്നലെയാണ് വെടിക്കെട്ട് അപകടത്തിലെ ആദ്യ മരണം.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് ഇന്നലെ മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു. വെടിക്കെട്ട് അപകടത്തില്‍ നൂറിലധികംപ്പേര്‍ക്കാണ് പരിക്കേറ്റത്.