പാലക്കാട് കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടായിരുന്നുവെന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് തീരുമാനിച്ചതിനാൽ മാത്രമാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. വടകരയിൽ സഹായിച്ചാൽ പാലക്കാട് തിരിച്ച് സഹായിക്കാമെന്ന ഡീൽ ഉണ്ടായിരുന്നുവെന്ന് പലരും പറഞ്ഞതാണ്. പി സരിനും പറയുന്നത് അന്ന് ആ ഡീൽ ഉണ്ടായിരുന്നു എന്നാണ്. ഇതേക്കുറിച്ച് ഞങ്ങൾ പറഞ്ഞപ്പോഴും ആരും വിശ്വസിച്ചില്ലായെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.
‘പാലക്കാട് എല്ലാ വർഗീയശക്തികളും ഒന്നിച്ചു ചേർന്നു.പാലക്കാട് ജനാധിപത്യവാദികളായ വോട്ടർമാർ അത് പരാജയപ്പെടുത്തണം എന്നാണ് അഭ്യർത്ഥിക്കാൻ ഉള്ളത്. കോൺഗ്രസിനകത്ത് തന്നെയുള്ള ആളുകൾ അങ്ങനെ ഡീൽ ഉണ്ടായിരുന്നു എന്ന് പറയാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിലുള്ള എല്ലാവരും ഇത്തരം രീതികൾ ഇഷ്ടപ്പെടുന്നവരാണെന്ന് കരുതുന്നില്ല. ജനാധിപത്യമതേതര അന്തരീക്ഷം നിലനിർത്താൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാർ സരിന് വോട്ട് ചെയ്യണമെന്നും പാലക്കാട് ഇടതു പക്ഷത്തിൽ അതൃപ്തി ഇല്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.