വിവാഹ വേദിയിൽ കണ്ടുമുട്ടിയ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് പ്രചാരണം ചൂടുപിടിച്ച് മുന്നേറുന്നതിനിടെയാണ് ഇവർ കണ്ടുമുട്ടുന്നത്.
ബിജെപിയുടെ പാലക്കാട്ടെ മുതിർന്ന നേതാവും നഗരസഭാ കൗൺസിൽ അംഗവുമായ നടേശന്റെ മകന്റെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. പാലക്കാട് കെആർകെ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കോൺഗ്രസിൽനിന്ന് നേരത്തെ വിട്ടുപോയ എ.വി ഗോപിനാഥും ചടങ്ങിനെത്തിയിരുന്നു. ഇദ്ദേഹത്തോട് ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിലും സംസാരിക്കുന്നതിനിടെയാണ് സരിനും ഇവിടേക്ക് വരുന്നത്. ഇതിനിടെ സരിൻ താൻ ഇവിടെയുണ്ടെന്ന് ഷാഫിയോടും രാഹുൽ മാങ്കൂട്ടത്തിലിനോട് പറയുന്നുണ്ട്.
എന്നാൽ, ഇവിടത്തന്നെ നിന്നാൽ മതിയെന്ന് ഷാഫി സരിനോട് പറഞ്ഞു. രാഹുലിന് നേരെ കൈ നീട്ടിയില്ലെങ്കിലും മുഖം കൊടുക്കാതെ നടന്നുപോവുകയും ചെയ്തു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് സരിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരക്കാർക്ക് പാലക്കാട്ടെ ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മനസ്സിൽ ഒന്നുവെച്ച് മറ്റൊരു ഭാവം ജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്ന ശീലം തങ്ങൾക്കില്ലെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.