കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു.
ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും വേദിവിട്ടിറങ്ങിയത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി. സമീപമുണ്ടായിരുന്ന കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുൽ മാങ്കൂട്ടത്തില്‍ ചേർത്തുപിടിച്ചു.
പാലക്കാട് കെആര്‍കെ ഓഡിറ്റോറിയത്തില്‍ ബിജെപിയുടെ പാലക്കാട്ടെ മുതിര്‍ന്ന നേതാവും നഗരസഭാ കൗണ്‍സില്‍ അംഗവുമായ നടേശന്റെ മകന്റെ വിവാഹ ചടങ്ങിനിടെയാണ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു സംഭവത്തിന് പിന്നാലെ സരിന്റെ പ്രതികരണം. എന്നാൽ പി സരിന് കൈ കൊടുക്കാൻ പ്രയാസമുണ്ടെന്നും ചാനലുകൾക്ക് മുന്നിൽ അഭ്യാസം കാണിച്ചു വാർത്തയാക്കിയിട്ട് കാര്യമില്ലെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
STORY HIGHLIGHT: shafee give me your hand rahul and shafi reject sarins handshake
















