തൃശൂർ: സിപിഎം വിടാനൊരുങ്ങിയ ഇ.പി.ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദം തെളിവുകൾ സഹിതം ആവർത്തിച്ചു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ആദ്യം ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലും രണ്ടാമത് തൃശൂർ രാമനിലയത്തിലും പിന്നീടു ഡൽഹിയിലെ ലളിത് ഹോട്ടലിലും കൂടിക്കാഴ്ച നടത്തി. 2023 മാർച്ച് 4നു രാമനിലയത്തിൽ താനെടുത്ത 107–ാം നമ്പർ മുറിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
റൂം നമ്പറുകൾ എഴുതിവച്ച പുസ്തകം ഇപ്പോഴാണ് കൈയിൽ കിട്ടിയതെന്നും പറയുന്നതു ശരിയാണോ എന്നറിയാൻ രാമനിലയത്തിലെ ലെഡ്ജർ പരിശോധിച്ചാൽ മതിയെന്നും ശോഭ പറഞ്ഞു. എന്താണു നടന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനു അറിയാവുന്നതു കൊണ്ടാണ് ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത്.
ഡൽഹിയിൽ എവിടെയാണു ജയരാജൻ പോയതെന്നും അറിയാം. ഇത്തരമൊരു കാര്യമറിഞ്ഞാൽ ആദ്യമതു പരിശോധിക്കുക ആഭ്യന്തര മന്ത്രിയാണല്ലോ. അത് അദ്ദേഹം കൃത്യമായി ചെയ്ത ശേഷമാണ് നടപടിയെടുത്തത്. കേരള രാഷ്ട്രീയത്തിലെ 9 വൻ സ്രാവുകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അതിൽ എല്ലാ പാർട്ടിയിൽ പെട്ടവരുമുണ്ടെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. നിലവാരമുള്ളവരുടെ കമന്റുകൾക്കു മാത്രമേ പ്രതികരിക്കൂ. സാധാരണ രാഷ്ട്രീയനേതാക്കൾ പറയാറുള്ള കാര്യങ്ങളോടു പ്രതികരിക്കാറുണ്ട്. എന്നാൽ, ആവശ്യമില്ലാത്തവർ പറയുന്നതു ശ്രദ്ധിക്കാറില്ല.- ഇ.പി.ജയരാജൻ.