Kerala

‘മല്ലു ഹിന്ദു’ ഐഎഎസ് വാട്സാപ് ഗ്രൂപ്പ് വിവാദം; സൈബർ പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: ഹിന്ദുമതത്തിൽപെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിനെച്ചൊല്ലി വിവാദം. കഴിഞ്ഞ മാസം 30നാണ് ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന പേരിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപീകരിച്ചത്. ഓഫിസേഴ്സ് എന്നതു ചുരുക്കി Mallu Hindu Off എന്നാണ് പേരിട്ടിരുന്നത്. ഹിന്ദു വിഭാഗക്കാരായ സീനിയർ, ജൂനിയർ ഉദ്യോഗസ്ഥരായിരുന്നു അംഗങ്ങൾ. ഗ്രൂപ്പിനെക്കുറിച്ച് അവരിൽ ചിലർ തന്നെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു.

ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണൻ തന്റെ ഫോൺ ഹാക്ക് ചെയ്തതായി അറിയിച്ച് ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ടവർക്കു സന്ദേശമയച്ചു. ഫോൺ ഹാക്ക് ചെയ്തവർ, ഫോണിലെ കോൺടാക്ട് പട്ടികയിലുള്ള എല്ലാവരെയും 11 വാട്സാപ് ഗ്രൂപ്പുകളിലായി ചേർത്തുവെന്നും ഗ്രൂപ്പുകൾ താൻ സ്വയം നീക്കംചെയ്തുവെന്നും ഉടൻ ഫോൺ മാറ്റുമെന്നുമായിരുന്നു സന്ദേശം. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഹാക്കർമാർ മുസ്‌ലിം മതത്തിൽപെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയും തന്റെ ഫോണിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന് അദ്ദേഹം അറിയിച്ചു.