കാസര്‍കോട്: കാസർകോട് നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ കൂടി മരിച്ചു. കരിന്തളം മഞ്ഞളംകാട്ടെ ബിജു, തുരുത്തി ഓർക്കളത്തെ ഷിബിൻ രാജ് എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. ഇതോടെ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം നാല് ആയി. വെടിക്കെട്ട് അപകടത്തിൽ സാരമായി പരിക്കേറ്റ 26 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കാസർകോട് നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് നീലേശ്വരം സ്വദേശി ബിജു രാത്രി 8 മണിയോടെയും തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് 12 മണിയോടെയുമാണ് മരിച്ചത്. കിനാനൂർ സ്വദേശി രതീശ് ഇന്നലെ രാവിലെയും ചോയ്യംകോട് കിനാനൂർ റോഡിലെ സന്ദീപ് ശനിയാഴ്ച രാത്രിയും മരിച്ചിരുന്നു.
മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിയിലുള്ളത്.
ഒക്‌ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികളുടെ ജാമ്യം ഇന്നലെ കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.