Kerala

പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം നവംബർ ഏഴ് വരെ തുടരും

വയനാട്: വയനാട് ലോക്‌സാഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം തുടരുന്നു. ഇന്ന് സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലെ കോർണർ യോഗങ്ങളിൽ പ്രിയങ്ക സംസാരിക്കും. നവംബർ ഏഴ് വരെ പ്രിയങ്കയുടെ രണ്ടം ഘട്ട പ്രചാരണം തുടരും. പ്രിയങ്കയ്ക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി ഇന്നലെ വൈകിട്ട് മടങ്ങിയിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് ഏറനാട് നിയോജക മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. എക്കാപറമ്പ്, വെറ്റിലപ്പാറ, കീഴുപറമ്പ്, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് സത്യൻ മൊകേരിയുടെ ഇന്നത്തെ പര്യടനം. ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന് വോട്ട് ചോദിക്കാനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ, അനിൽ ആന്‍റണി എന്നിവർ ഇന്ന് മണ്ഡലത്തിലെത്തും.

ചേലക്കരയില്‍ മുന്നണി സ്ഥാനാർഥികളുടെ മണ്ഡല പര്യടനം ഇന്നും തുടരും. എല്‍ഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനായി മന്ത്രി വി. അബ്ദുറഹ്മാന്‍ ചേലക്കര പഞ്ചായത്തില്‍ പ്രചാരണം നടത്തും. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ മണ്ഡല പര്യടനവും തുടരുകയാണ്. ഉച്ചക്ക് മൂന്നു മണിക്ക് ശശി തരൂർ എം.പി യുവജനങ്ങളുമായി സംവദിക്കും. ബിജെപി സ്ഥാനാർഥി ബാലകൃഷ്ണനും ഡിഎംകെ സ്ഥാനാർഥി എന്‍.കെ സുധീറും പ്രചാരണ രംഗത്ത് സജീവമാണ്.