ഷൊർണൂർ: ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിൽ ട്രെയിനിടിച്ചുണ്ടായ ദുരന്തത്തിൽ പുഴയിലേക്കു വീണയാളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സേലം അയോധ്യപട്ടണം അടിമലൈപുത്തൂർ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറോടെ കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിനു താഴെ പുഴയിലായായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ 7 മുതൽ അഗ്നിരക്ഷാസേന, സ്കൂബ ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹത്തിൽ തലയിൽ മാത്രമാണു മുറിവ് കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.5നാണ് ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് തട്ടി സേലം അയോധ്യപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), ബന്ധു റാണി (45) എന്നിവർ മരിച്ചത്. റാണിയുടെ ഭർത്താവാണു പുഴയിലേക്കു വീണു മരിച്ച ലക്ഷ്മണൻ. റെയിൽവേയിലെ ശുചീകരണ ജോലി കരാർ എടുത്തയാൾ ചെറുതുരുത്തി ഭാഗത്ത് ട്രാക്കിലെ മാലിന്യങ്ങൾ നീക്കാൻ ഒറ്റ ദിവസത്തേക്കു വിളിച്ച തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇവർ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ താമസിച്ചു തൊഴിൽ തേടിയിരുന്നവരാണ്.
ചെറുതുരുത്തി വള്ളത്തോൾ നഗർ ഭാഗത്തെ മാലിന്യങ്ങൾ നീക്കിയ ശേഷം 10 പേരടങ്ങിയ തൊഴിലാളികൾ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽപാലം വഴി നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിനു മുന്നിൽ നിന്ന് ഓടിമാറാൻ കഴിയാതിരുന്ന 4 തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. പാലക്കാടു ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോയ കേരള എക്സ്പ്രസ് ഇടിച്ചാണ് അപകടം. ശനിയാഴ്ച മരിച്ച മൂന്നു പേരുടെയും മൃതദേഹം ഇന്നലെ രാവിലെ തന്നെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇന്നലെ കണ്ടെത്തിയ ലക്ഷ്മണന്റെ മൃതദേഹം രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഒരുമിച്ചു നാട്ടിലേക്കു കൊണ്ടുപോയി.