ഡല്‍ഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിൽ പ്രചാരണത്തിനായി എത്തും. മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ വിമത സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കൾ. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് 8000 ത്തോളം സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ശക്തമായ പോരാട്ടം നടക്കുന്ന സീറ്റുകളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളിയാകും. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ പ്രചാരണത്തിനായി എത്തും. മോദി, രാഹുൽ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ.പി നദ്ദ ഉൾപ്പെടെയുള്ള താര പ്രചാരകരാണ് റാലികൾക്ക് നേതൃത്വം നൽകുന്നത്. മുന്നണികൾക്കിടയിലെ പ്രതിസന്ധികൾ പരിഹരിച്ച് പ്രചാരണ രംഗത്ത് മുന്നേറാനാണ് പാർട്ടികളുടെ തീരുമാനം.