ശ്രീനഗർ: തിരക്കേറിയ ഞായറാഴ്ചച്ചന്തയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 11 പേർക്കു പരുക്കേറ്റു. സുരക്ഷാസേനയുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ എറിഞ്ഞ ഗ്രനേഡ് റോഡിൽ വീണു പൊട്ടുകയായിരുന്നു. പരുക്കേറ്റവരെല്ലാം നാട്ടുകാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാക്ക് ഭീകരസംഘടന ലഷ്കറെ തയിബയുടെ കമാൻഡറെ ഖന്യാറിൽ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചതിനു പിറ്റേന്നാണ് ഗ്രനേഡ് ആക്രമണം. ശൈത്യകാല ഷോപ്പിങ്ങിനായി ആയിരങ്ങൾ എത്തിയ സമയത്താണു ആക്രമണം നടത്തിയത്.
ഒക്ടോബർ 16ന് ഒമർ അബ്ദുല്ല സർക്കാർ സത്യപ്രതിജ്ഞ ചെയ്തശേഷം കശ്മീരിൽ ഭീകരർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ ഒടുവിലത്തേതാണിത്. ശനിയാഴ്ച ബഡ്ഗാം ജില്ലയിൽ ജലജീവൻ പദ്ധതിപ്രദേശത്തു ഭീകരരുടെ വെടിവയ്പിൽ ഉത്തർപ്രദേശിൽനിന്നുള്ള 2 തൊഴിലാളികൾക്കു പരുക്കേറ്റിരുന്നു. ഒക്ടോബർ 23ന് ഗഗൻഗീറിൽ ടണൽ പണിക്കെത്തിയ തൊഴിലാളികൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. 24ന് ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ സൈനിക ട്രക്കിനുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 3 സൈനികരും 2 ചുമട്ടുകാരും മരിച്ചു.