കോഴിക്കോട്: രൂപരേഖയിലെ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലെ പദ്ധതി രേഖയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും മാറ്റങ്ങൾ വരുത്തിയാൽ പരിഗണിക്കാമെന്നും മുഖ്യമന്ത്രിയോടു ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷൻ 393.58 കോടി രൂപ ചെലവഴിച്ചു പുതുക്കി നിർമിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഇതോടൊപ്പം അന്തിമ രൂപരേഖ വിലയിരുത്തുകയും സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവൃത്തിയും മന്ത്രി വിലയിരുത്തി.
അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സമാന പദ്ധതിയിൽ മഹാരാഷ്ട്ര സർക്കാരിനു നൽകിയ ധാരണാ പത്രത്തിന്റെ മാതൃക കേരളത്തിനു കൈമാറി തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.