റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള ചില്ലി ചിക്കൻ വീട്ടിൽ തയ്യാറാക്കിയാലോ? നൂഡിൽസ് ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ അടിപൊളി കോമ്പിനേഷനാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ -അരക്കിലോ
- സോയാസോസ് -ഒരു ടേബിൾ സ്പൂൺ
- കാശ്മീരി മുളകുപൊടി -രണ്ട് ടീസ്പൂൺ
- ഉപ്പ്
- മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
- കോൺഫ്ലോർ -രണ്ട് ടീസ്പൂൺ
- മൈദ -ഒരു കപ്പ്
- വെള്ളം
- വെളുത്തുള്ളി -10
- സവാള -രണ്ട്
- ക്യാപ്സിക്കം -ഒന്ന്
- പച്ചമുളക് 4
- സ്പ്രിങ് ഒണിയൻ- 1 കപ്പ്
- കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- സോയാസോസ് -ഒരു ടീസ്പൂൺ
- ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ
- ചില്ലി സോസ് -ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കനിലേക്ക് സോയാസോസ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, മൈദ, കോൺഫ്ലോർ, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. രണ്ടു മണിക്കൂർ മാറ്റിവെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ആദ്യം വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റിയതിനുശേഷം സവാള ചേർത്ത് കൊടുക്കാം. കൂടെ ക്യാപ്സിക്കം, സ്പ്രിങ് ഒണിയൻ, പച്ചമുളക് എന്നിവയും ചേർക്കണം. ആവശ്യത്തിന് ഉപ്പ്, കാശ്മീരി ചില്ലി പൗഡർ, മഞ്ഞൾപൊടി എന്നിവ ചേർത്തതിനുശേഷം നല്ലപോലെ യോജിപ്പിക്കുക. അടുത്തതായി സോസുകൾ ചേർക്കാം. മിക്സ് ചെയ്തതിനുശേഷം ഫ്രൈ ചെയ്ത ചിക്കൻ ചേർക്കാം. അല്പം വെള്ളം കൂടി ഒഴിച്ച് യോജിപ്പിച്ച് നന്നായി തിളപ്പിക്കുക. നന്നായി കുറുകി കട്ടിയായി വരുമ്പോൾ കുറച്ചു സ്പ്രിങ് ഒണിയൻ ചേർത്ത് തീ ഓഫ് ചെയ്യാം.