Kerala

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന്‍റെ പരാതി സൈബർ പൊലീസ് അന്വേഷിക്കും

വിഷയത്തിൽ ഗോപാലകൃഷ്ണന്‍റെ വിശദീകരണം തേടിയേക്കും

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ നൽകിയ പരാതി സൈബർ പൊലീസ് അന്വേഷിക്കും. എന്നാൽ തന്‍റെ ഫോൺ ഹാക്ക് ചെയ്ത് ആരോ ഗ്രൂപ്പുണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍റെ പരാതി. വിഷയത്തിൽ ഗോപാലകൃഷ്ണന്‍റെ വിശദീകരണം തേടിയേക്കും.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മുതിർന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാകുന്നത്. അഡ്മിനാകട്ടെ, വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണനും. ഗ്രൂപ്പിന്‍റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥർ ചില ചോദ്യങ്ങൾ ഉയർത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തുടർന്നാണ് ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ മെസ്സേജ് അയക്കുന്നത്. തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിന്‍റെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു വിശദീകരണം. സംഭവം ചർച്ചയായതോടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നാരോപിച്ച് ഗോപാലകൃഷ്ണൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഈ പരാതി കമ്മീഷണർ സിറ്റി സൈബർ പൊലീസിന് കൈമാറി. ഇതിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബർ പൊലീസ് അറിയിച്ചു. പരിശോധിച്ച് ശേഷം നടപടിയെടുക്കുമെന്നായിരുന്നു വകുപ്പുമന്ത്രിയുടെ പ്രതികരണം.

ഗ്രൂപ്പ് ഉണ്ടായത് തന്‍റെ അറിവോടെയല്ലെന്നും താൻ നിരപരാധിയാണെന്നും ഗോപാലകൃഷ്ണൻ മീഡിയവണിനോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തില്‍ ഗ്രൂപ്പ് ഉണ്ടായതിനെ ഗൗരവത്തില്‍ കാണുന്നുവെന്നാണ് സർക്കാർ വിശദീകരണം. വിഷയത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഗോപാലകൃഷ്ണന്‍റെ വിശദീകരണം തേടിയേക്കും.