വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഹരം പകരുന്ന ഇടങ്ങളാണ്. വെറുതെ ചെന്ന് കാണുന്നതിനേക്കാൾ വെള്ളച്ചാട്ടത്തിലിറങ്ങി ഒന്നു കുളിച്ച്, അവിടെ കാഴ്ചകളൊക്കെ ആസ്വദിച്ച് മടങ്ങി വരാനാണ്. പ്രത്യേകിച്ച് കാടിനുള്ളിലെയോ അല്ലെങ്കിൽ ഉൾപ്രദേശങ്ങളിൽ അത്ര പെട്ടന്നൊന്നും എത്തിപ്പെടാന്‍ പറ്റാത്ത ഇടത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളാണെങ്കിൽ പറയുകയും വേണ്ട, ഒരു ചെറിയ ട്രെക്കിങ്ങും സാഹസികതയും ഒക്കെ പ്രതീക്ഷിച്ച് അതിനൊരുങ്ങിയാണ് മിക്കവരും എത്തുന്നത്. അങ്ങനെ കിടിലൻ എക്സ്പീരിയൻസ് നിങ്ങൾക്ക് നല്കുന്ന ഒരു വെള്ളച്ചാട്ടമാണ് അരുവി.
തിരുവനന്തപുരം നഗരത്തിൽ തലസ്ഥാന നിവാസികൾക്ക് പോലും അത്രയധികം പരിചിതമല്ലാത്ത ഇടമാണ് അരുവി വെള്ളച്ചാട്ടം. അങ്ങനെ പേരിൽ വലിയ സംഭവമാണെന്ന് തോന്നില്ലെങ്കിലും ഇവിടെ വന്നു ഇതൊന്നു കണ്ടാൽ ആ ധാരണ അപ്പാടേ മാറും. പലരും ഇതു കേട്ടിട്ടുണ്ടെങ്കിൽ പോലും വന്നു കണ്ടിട്ടില്ല. തിരുവനന്തപുരത്തെ ബോണാക്കട് എസ്റ്റേറ്റിനടുത്ത് കാടിനുള്ളിലായാണ് അരുവി വെള്ളച്ചാട്ടമുള്ളത്. വനത്തിനുള്ളിൽ പച്ചപ്പിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഇതിന്‍റെ പേരു മുതൽ കൗതുകം ആരംഭിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് 53 കിമി അകലെ, പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ വനത്തിനുള്ളിലാണ് ഇതുള്ളത്. ഏകദേശം നാല് അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇത് തരുന്നത്. കൊടുംകാടിനുള്ളിലൂടെ ഒഴുകിവന്ന് പതിക്കുന്നതിന്‍റെ എല്ലാ ഭംഗിയും ഇതിനുണ്ട്. ശുദ്ധമായ തെളിനീരായി പതിക്കുന്ന വെള്ളത്തിന് ഐസ് പോലെ തണുപ്പും എപ്പോഴും ഇതിനുണ്ട്.
കേൾക്കുമ്പോൾ പോകാൻ ആഗ്രഹം തോന്നുമെങ്കിലും യാത്ര പക്ഷേ അത്ര എളുപ്പമായിരിക്കില്ല. ആദ്യം വേണ്ട് കാടിനുള്ളിലൂടെ നടന്നു പോയി വെള്ളച്ചാട്ടം കാണാനുള്ള ആഗ്രഹമാണ്, അതുണ്ടെങ്കില്‍ പിന്നെയെല്ലാം എളുപ്പം. സാധാരണ എല്ലാ സ്ഥലങ്ങളും പോലെ ഇവിടേക്ക്, കാട്ടിനുള്ളിലേക്ക്, അങ്ങനെയങ്ങ് കയറിപ്പോകുവാൻ പറ്റില്ല.വനംവകുപ്പിൽ നിന്ന് പ്രത്യേക അനുമതി നേടി, പിന്നെ വഴികാട്ടികളുടെ സഹായത്തോടെ മാത്രമേ ഇവിടേക്ക് പോകാന്‍ സാധിക്കൂ. നിങ്ങൾക്ക് വഴികാട്ടികളായെത്തുന്നത് കാടിനെ കൈവെള്ളയിൽ എന്നപോലെ അറിയുന്ന കാണി ഗോത്രവർഗക്കാരാണ്. അവരുടെ ഒപ്പം കാടിനെ പരിചയപ്പെട്ട് നടന്നുചെല്ലാം. വളരെ വലിയ ഒരു വെള്ളച്ചാട്ടം പ്രതീക്ഷിച്ചു പോയാൽ അരുവി നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. എന്നാൽ അതിനെ പ്രത്യേകതയുള്ളതാക്കുന്നത് കാടിനുള്ളിലൂടെയുള്ള നടത്തവും മറ്റു കാഴ്ചകളും തന്നെയാണ്. തിരുവനന്തപുരത്ത് നിന്ന് ബോണാക്കാട് എത്തി അവിടുന്ന് വീണ്ടും ഏകദേശം 7 കിലോമീറ്റർ കൂടി സഞ്ചരിച്ചാലേ വെള്ളച്ചാട്ടത്തിലെത്തൂ.
STORY HIGHLLIGHTS : aruvi-waterfalls-thiruvananthapuram-offbeat-gem-inside-peppara-forest