Kerala

എഡിഎം നവീൻ ബാബുവിന്റെ മരണം: റവന്യൂ റിപ്പോർട്ടിൽ ഉടനടി തുടർനടപടികളില്ല | Naveen Babu Death: No immediate follow-up on revenue report

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ച റവന്യു അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥതലത്തിൽ ഉടൻ നടപടികളില്ല. പൊലീസ് അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ വകുപ്പിന്റെ ആഭ്യന്തര റിപ്പോർട്ട് കൈമാറും. നവീൻ ബാബു ഫയലുകളിൽ കാലതാമസം വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കാൻ റവന്യു റിപ്പോർട്ട് പ്രയോജനപ്പെടും.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനോ ഫയൽ താമസിപ്പിച്ചതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യു കമ്മിഷണർ എ.ഗീത സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യു മന്ത്രി എന്നിവർ അംഗീകരിച്ച ശേഷമാണു മുഖ്യമന്ത്രിക്കു കൈമാറിയത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടറുടെ സ്ഥലംമാറ്റം ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം ഉണ്ടാകും. പൊതു സ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തിയാകും മാറ്റം.