തെൽഅവീവ്: ഗസ്സയിൽ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ‘യുനർവ’ ഏജൻസിയുടെ പ്രവർത്തന കരാർ ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഇസ്രായേൽ. കഴിഞ്ഞ മാസം ഇസ്രായേൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ ഭാഗമായാണ് നടപടി. ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗസ്സയിലെ പ്രവർത്തനം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിയമനിർമാണം. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിൽ യുഎൻ ഏജൻസി കൂടി പിൻവാങ്ങുന്നതോടെ സ്ഥിതി കൂടുതൽ ആപൽക്കരമാകുമെന്ന് യുഎന്നും വിവിധ ലോക രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
വടക്കൻ ഗസ്സക്ക് സഹായം വിലക്കുന്നത് ആശങ്കാജനകമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിൻകൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ മാനുഷിക ദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ സന്നദ്ധ സംഘടനയായ ലോക ഭക്ഷ്യ പദ്ധതിയും ആവശ്യപ്പെട്ടു. ഇസ്രായേൽ നടപടി 20 ലക്ഷത്തിലേറെ ഫലസ്തീൻ ജനതയെ നേരിട്ട് ബാധിക്കുമെന്ന് ‘യുനർവ’യുടെ ആഗോള കമ്യൂണിക്കേൻ ഓഫിസർ ജൂലിയറ്റ് തൗമ പറഞ്ഞു.