ഓട്ടവ: ഖലിസ്താൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെ സസ്പെൻഡ് ചെയ്തു. ഖലിസ്താനി പ്രതിഷേധക്കാർ ഹിന്ദു സഭ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. അതിക്രമത്തിന്റെ വിഡിയോയിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. ഹരീന്ദർ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നിൽക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അക്രമസംഭവങ്ങളിൽ ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഖലിസ്ഥാൻ പതാകയും വടിയുമായി അതിക്രമിച്ചുകയറിയ സംഘം ക്ഷേത്രപരിസരത്തുണ്ടായിരുന്നവരെ മർദിക്കുകയായിരുന്നു. ഹിന്ദുമഹാസഭയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തോടു ചേർന്നു പ്രവർത്തിച്ചിരുന്ന കോൺസുലർ ക്യാംപിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. കാനഡയിലെ ഇന്ത്യൻ പൗരരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും അപലപിച്ചു.