സിപിഎം പാർട്ടി നയംമാറ്റുന്നുവെന്ന വാർത്തകൾ തള്ളി സിപിഎം നേതാക്കൾ. റിപ്പോർട്ട് മഠയത്തരമെന്നായിരുന്നു പിബി അംഗമായ എംഎ ബേബിയുടെ പ്രതികരണം. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. റിപ്പോർട്ടിയിൽ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തയോടാണ് പ്രതികരണം.
കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ രീതികളെയും തുറന്നു കാട്ടണം, സോഷ്യലിസത്തിൽ ഊന്നി പാർട്ടിയുടെ സ്വതന്ത്ര ശക്തി വർധിപ്പിക്കണം, ഹിന്ദുത്വ ശക്തികളുടെ ‘മനുവാദി’ നയങ്ങളെ തുറന്നു കാട്ടണം, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഇന്ത്യ മുന്നണിയിലെ പ്രവർത്തനം പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും കോൺഗ്രസിന്‍റെ സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.