ചിക്കൻ വെച്ച് എന്ത് തയ്യാറാക്കിയാലും കിടിലൻ സ്വാദാണ് അല്ലെ, എങ്കിൽ രുചികരമായ ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? കേരളത്തിലെ ഫേമസ് ആയ ഒരു ചിക്കൻ വിഭവം, പയ്യോളി ചിക്കൻ ഫ്രൈ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചില്ലി പേസ്റ്റ് തയ്യാറാക്കാൻ
- ഉണക്കമുളക് -15 എണ്ണം
- വെളുത്തുള്ളി -8 എണ്ണം
- ഇഞ്ചി -ഒരു ഇഞ്ച്
- പെരുഞ്ചീരകം -ഒരു ടീസ്പൂൺ
- ചെറിയ ഉള്ളി -അര കപ്പ്
മാരിനേറ്റ് ചെയ്യാൻ
- ചിക്കൻ -അഞ്ചു വലിയ കഷണങ്ങൾ
- അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
- കോൺഫ്ലോർ -കാൽ കപ്പ്
- ഉപ്പ്
- മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
- ജീരകം -ഒരു ടീസ്പൂൺ
- ഗരം മസാലപ്പൊടി -ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
- വെള്ളം
ഗാർണിഷ് ചെയ്യാൻ
- വെളിച്ചെണ്ണ -കാൽ കപ്പ്
- പച്ചമുളക് -എട്ടെണ്ണം
- കറിവേപ്പില -കാൽ കപ്പ്
- തേങ്ങ ചിരവിയത് -ഒരു കപ്പ്
- എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്നവിധം
ആദ്യം മുളക് ചൂടുവെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക. ശേഷം മിക്സി ജാറിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പെരുംജീരകം എന്നിവ കൂടി ചേർത്ത് അരച്ചെടുക്കുക. ഒരു മിക്സിങ് ബൗളിലേക്ക് കോൺഫ്ലോർ, അരിപ്പൊടി, ഉപ്പ്, മഞ്ഞൾ പൊടി, ഗരം മസാല, ജീരകപ്പൊടി, ചില്ലി പേസ്റ്റ് കുറച്ച്, അല്പം വെളിച്ചെണ്ണ, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക. ഇത് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം. ചിക്കൻ കഷണങ്ങളിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാൻ മറക്കരുത്.
നന്നായി മാരിനേറ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഈ സമയം ഗാർണിഷ് ചെയ്യാനുള്ള സാധനങ്ങൾ റെഡിയാക്കാം. ആദ്യം നെടുകെ കീറിയ പച്ചമുളകും, കറിവേപ്പിലയും എണ്ണയിൽ നന്നായി ഫ്രൈ ചെയ്ത് എടുത്തുമാറ്റുക. ശേഷം ഒരു കപ്പ് തേങ്ങയിലേക്ക് മുളക് പേസ്റ്റ് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കണം. ഇതും മാറ്റിവയ്ക്കാം. ഇനി ചിക്കൻ കഷണങ്ങൾ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. പുറം വശം വല്ല ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കണം. ശേഷം പ്ലേറ്റിലേക്ക് മാറ്റി നേരത്തെ വറുത്തു വച്ചിരിക്കുന്ന തേങ്ങ, പച്ചമുളക്, കറിവേപ്പില എന്നിവയും മുകളിലേക്ക് ഇട്ടുകൊടുത്തു സെർവ് ചെയ്യാം.