കണ്ണൂർ ഭാഗങ്ങളിൽ ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കുന്ന ഒന്നാണ് ഉരുളി അപ്പം. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് അറിയുമോ? പ്രത്യേക രുചിയാണ് ഇതിന്. തയ്യാറാക്കുന്നത് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചരി -ഒരു കപ്പ്
- ചോറ് 2 കയിൽ
- കള്ള്
- പഞ്ചസാര
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി കഴുകിയതിനുശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളം മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം. കൂടെ ചോറും പഞ്ചസാരയും കുറച്ച് കള്ളും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം പൊങ്ങാനായി വയ്ക്കാം. രാത്രി മുഴുവൻ വച്ചതിനുശേഷം പിറ്റേന്ന് രാവിലെ നോക്കുമ്പോൾ മാവ് നന്നായി പതഞ്ഞു പൊങ്ങിയിട്ടുണ്ടാവും. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക. ഇനി നല്ല ഒരു ഓട്ട് ഉരുളി എടുത്ത് ചൂടാക്കുക. എണ്ണ പുരട്ടിയതിനുശേഷം മാവൊഴിച്ച് കൊടുക്കാം. ചെറുതായി ഒന്ന് പരത്തിയതിനു ശേഷം വേവാനായി കാത്തിരിക്കുക. ചെറിയ തീ ആയിരിക്കണം ശേഷം പ്ലേറ്റിലേക്ക് മാറ്റാം.