News

പിടിച്ചെടുത്ത 1186 കിലോഗ്രാം കഞ്ചാവ് കത്തിച്ചുകളഞ്ഞ് എക്സൈസ്

എക്സൈസ് സംഘം മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം കത്തിച്ചുകളഞ്ഞു. ഹൈദരാബാദിൽ കേസ് അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുത്ത 1186 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാന എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കത്തിച്ചുകളഞ്ഞത്. ഭദ്രാചലം എക്സൈസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന 1186 കിലോഗ്രാം കഞ്ചാവ് നേരത്തെ പിടിച്ചെടുത്തിരുന്നത്.

തിങ്കളാഴ്ചയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചത്. അഞ്ച് കേസുകളിലായാണ് ഇത്രയും വലിയ കഞ്ചാവ് ശേഖരം കിട്ടിയത്. ഈ കേസുകളിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ഇത് കത്തിച്ചുകളയാൻ തീരുമാനമെടുക്കുകയായിരുന്നു. സ്വകാര്യ ഫാക്ടറിയായ എ.ഡബ്ല്യൂ.എം കൺസൾട്ടിങ് ലിമിറ്റഡിന്റെ മാലിന്യ സംസ്കരണത്തിനുള്ള ഇൻസിനറേറ്റർ ഉപയോഗപ്പെടുത്തിയായിരുന്നു കഞ്ചാവ് നശിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കഞ്ചാവ് ശേഖരം ഇവിടെ എത്തിച്ച ശേഷം ഇൻസിനറേറ്ററിൽ ഇട്ട് തീകൊളുത്തി.