യുവാവിന്റെ തിരോധാനം അന്വേഷിച്ച പൊലീസ് സംഘം ഒടുവിൽ എത്തിച്ചേർന്നത് മോഷണ ശ്രമത്തിനിടെ നടന്ന അപകടത്തിലേക്കും ശേഷം ഒപ്പമുണ്ടായിരുന്നവർ തന്നെ കാണിച്ച ക്രൂരതയിലേക്കും. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഗ്വാൽടോലി സ്വദേശിയായ മഞ്ജു ദേവി എന്ന സ്ത്രീയാണ് തന്റെ മകൻ ഹിമാൻഷുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും അവർ ആരോപിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം സുഹൃത്തുക്കളായ അസ്‍ലം, ഷാൻ അലി, രാജേഷ് കുമാർ എന്നിവരെ പിടികൂടി. ഒക്ടോബർ 25നാണ് ഹിമാൻഷുവിനെ കാണാതാവുന്നത്. ആക്രിക്കട നടത്തുകയായിരുന്ന ഇയാൾ രാത്രി വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം താൻ കടയിലാണ് അന്ന് കിടന്നുറങ്ങാൻ പോകുന്നതെന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. പിന്നീട് മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടി സ്ഥലത്തെത്തി. എല്ലാവരും ചേർന്ന് ഗുരുദേവ് ക്രോസിങിന് അടുത്തുള്ള വൈദ്യുത ട്രാൻസ്‍ഫോർമർ മോഷ്ടിക്കാനായിരുന്നു പദ്ധതി.
എന്നാൽ മോഷണ ശ്രമത്തിനിടെ ഹിമാൻഷുവിന് ശക്തമായ വൈദ്യുതാഘാതമേറ്റുവെന്നാണ് സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. ഇയാൾ അവശനായതോടെ മറ്റുള്ളവർ ഭയന്നു. പരിഭ്രമിച്ച് പോയ ഇവർ ഹിമാൻഷുവിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ശുക്ലഗഞ്ച് ഏരിയയിൽ എത്തിച്ച ശേഷം ഗംഗാ നദയിൽ തള്ളുകയായിരുന്നു. നദിയിൽ എറിയുമ്പോഴും ഹിമാൻഷുവിന് ജീവനുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴിക്ക് പിന്നാലെ പൊലീസ് നദിയിൽ തെരച്ചിൽ ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ് പൊലീസ്.