ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.
ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.