സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സര്‍ക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതല്‍ നിയമനം ഇത്തരത്തിലാകും.
‘മധ്യപ്രദേശിലെ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കുള്ള സംവരണം 33 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തി. ഇത് സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണെന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് 254 പുതിയ വളം വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനും മന്ത്രിസഭാ യോഗം അംഗീകരം നല്‍കി. ഇതോടെ കാര്‍ഷകര്‍ക്ക് വളം വാങ്ങാനായി നില്‍ക്കുന്ന നീണ്ട ക്യൂ ഒഴിവാക്കാനാകുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കേളജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ റിക്രൂട്ട്മെന്റ് പ്രായം 40 വയസ്സില്‍ നിന്ന് 50 ആക്കി ഉയര്‍ത്താനും മന്ത്രിസഭ അനുമതി നല്‍കി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഭോപ്പാലില്‍ നടക്കുന്ന ഗ്ലോല്‍ ഇന്‍വെസ്റ്റര്‍ സമ്മിറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം നല്‍കുകയെന്നത്.