പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്‍ കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഏഴുമാസം പിന്നിട്ടിട്ടും, സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ സഹായിക്കുവാന്‍ സര്‍ക്കാരോ സര്‍വ്വകലാശാലയോ തയ്യാറായിട്ടില്ല. ഓര്‍മ്മയ്ക്ക് സൂക്ഷിക്കാന്‍ സിദ്ധാര്‍ത്ഥിന്റെ ഡ്രസ്സ്, കണ്ണട, ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍ എന്നിവ പോലും മാതാപിതാക്കള്‍ക്ക് കൈമാറാതെ യൂണിവേഴ്‌സിറ്റി അധികൃതര്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പ് കുസാറ്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സംഗീത നിശയിലെ തിരക്കില്‍പെട്ട് മരണപ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറായ സര്‍ക്കാര്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ വിമുഖത കാട്ടുകയാണ്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ ആള്‍ക്കൂട്ടകൊലപാതകമാണെന്നത് മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരോ സര്‍വ്വകലാശാലയോ തയ്യാറാകാത്തത്.
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പരോക്ഷമായോ പ്രത്യക്ഷമായോ ഉത്തരവാദിത്തമുള്ള ഡീന്‍, വാര്‍ഡന്‍ എന്നിവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപോരാട്ടം നടത്താന്‍ ഫണ്ട് സ്വരൂപിക്കുമ്പോള്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി അധികൃതരും അധ്യാപകരും പിന്തിരിഞ്ഞു നില്‍ക്കുന്നത് നീതീകരിക്കാനാവില്ല.
സിദ്ധാര്‍ത്ഥന്റെ സഹോദരന്റെ തുടര്‍പഠന ചെലവവിനുള്ള സാമ്പത്തിക സഹായം നല്‍കാന്‍ സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്കും നല്‍കി.
CONTENT HIGHLIGHTS;Pookode College should provide financial assistance to Siddharth’s family