ആലുവ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. പരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ആര്‍.റ്റി.ഒ യെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചുമതലപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ആര്‍.റ്റി.ഒ യുടെ അന്വേഷണ റിപ്പോര്‍ട്ട് 3 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കണം..
സംഭവത്തിന് ഉത്തരവാദികളായ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പെര്‍മിറ്റ് / ലൈസന്‍സ് റദ്ദാക്കാന്‍ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തില്‍ ആര്‍.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനില്‍ സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആലുവഎസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ ടൂര്‍ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടര്‍ന്ന് ബസില്‍ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രം സൗകര്യം നല്‍കിയതായി പരാതിയിലുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.