ലോകത്തിന്റെ കണ്ണുകൾ മുഴുവൻ അമേരിക്കയിലേക്കാണ്. ആരാകും പ്രസിഡന്റെന്ന അമേരിക്കൻ ജനതയുടെ കാത്തിരിപ്പിനൊപ്പം ലോകരാജ്യങ്ങളും പങ്കുചേരുകയാണ്. ചരിത്രത്തില്‍ ഏറ്റവും ‘അനന്തരഫലം’ ഉണ്ടാക്കാവുന്ന തിരഞ്ഞെടുപ്പെന്നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും തമ്മില്‍ നടക്കുന്നത്. കമല ഹാരിസിന് ഞായറാഴ്ച വരെ ദേശീയ പോളിംഗ് ശരാശരിയില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ മുൻതൂക്കമുണ്ട്. സ്വിങ് സ്റ്റേറ്റുകള്‍ (ചാഞ്ചാട്ട സംസ്ഥാനങ്ങള്‍) എന്ന് വിശേഷിപ്പിക്കുന്ന ഏഴു സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പില്‍ നിർണായകം. ഈ സംസ്ഥാനങ്ങളിലടക്കം പോളിങ് ആരംഭിച്ചിട്ടുണ്ട്. അമേരിക്കക്കാർ പ്രസിഡൻ്റിനായി നേരിട്ട് വോട്ട് ചെയ്യുന്നില്ല. ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ജനങ്ങളുടെ വോട്ടുകളല്ല, നേരെമറിച്ച് ഇലക്ടറല് കോളജ് എന്ന രീതിയാണ് അന്തിമ വിജയിയെ തിരഞ്ഞെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നുമുള്ള 538 ഇലക്ടർമാർ ചേർന്നാണ് യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
മെയ്നും നെബ്രാസ്കയും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ‘വിന്നർ- ടേക്ക് ഓള്‍’ സമ്ബ്രദായം പിന്തുടരുന്നു. അതായത് എല്ലാ ഇലക്ടറല്‍ വോട്ടുകളും ആ സംസ്ഥാനത്തിനുള്ളില്‍ പോപ്പുലർ വോട്ട് നേടുന്ന സ്ഥാനാർത്ഥിക്ക് നല്‍കുന്നു. ഒരു സ്ഥാനാർത്ഥിക്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിക്കാൻ കുറഞ്ഞത് 270 ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമാണ്.സ്വിങ് സംസ്ഥാനങ്ങളായ പെൻസില്‍വാനിയ (19 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍), ജോർജിയ, നോർത്ത് കരോലിന (16 വീതം), മിഷിഗണ്‍ (15), അരിസോണ (11), വിസ്കോണ്‍സിൻ (10), നെവാഡ (6) എന്നീ സംസ്ഥാനങ്ങളാണ് വൈറ്റ് ഹൗസിലേക്കുള്ള താക്കോല്‍. അതുകൊണ്ടു തന്നെ കമലാ ഹാരിസിൻ്റെയും ഡൊണാള്‍ഡ് ട്രംപിൻ്റെയും പ്രചാരണങ്ങള്‍ ഈ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.
സ്വിങ് സംസ്ഥാനങ്ങളില്‍ ഏഴിലും കമലയും ട്രംപും കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, നെവാഡ, നോർത്ത് കരോലിന, വിസ്കോണ്‍സിൻ എന്നിവിടങ്ങളില്‍ കമലാ ഹാരിസ് നേരിയ ലീഡ് നേടിയതായാണ് വിവരം. അരിസോണയില്‍ ട്രംപ് മുന്നിലാണ്. 2020-ല്‍ പ്രസിഡൻ്റ് ജോ ബൈഡൻ ഈ ഏഴ് സംസ്ഥാനങ്ങളില്‍ ആറിലും വിജയിച്ചിരുന്നു (നോർത്ത് കരോലിന ഒഴികെ). ഇത്തവണ പാർട്ടി അതേ മികവ് പുലർത്തില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിൽ , ഭരണഘടനയുടെ 324-ാം അനുച്ഛേദം പ്രത്യേക നിയമനിര്മാണ പ്രകാരമുള്ള തിരഞ്ഞെടുപ്പ് കമ്മിഷനു വ്യവസ്ഥ ചെയ്യുന്നു. സര്ക്കാരിന്റെ എക്സിക്യുട്ടീവില്നിന്നും സ്വതന്ത്രമായ സംവിധാനമാണിത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാര്ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള് നടത്താനുള്ള ഉത്തരവാദിത്തത്തോടെയാണ് ഈ സംവിധാനം 1950 ല് നിലവില് വന്നത്.
ഇന്ത്യയില്, ഒരു രാഷ്ട്രീയേതര സംവിധാനമായിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ പ്രധാന മുന്ഗണനയായിരുന്നു ഇത്. ”മുഴുവന് തിരഞ്ഞെടുപ്പ് സംവിധാനവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കണം, റിട്ടേണിങ് ഓഫീസര്മാര്ക്കും പോളിങ് ഓഫീസര്മാര്ക്കും മറ്റുള്ളവര്ക്കുമുള്ള നിര്ദേശങ്ങള് പുറപ്പെടുവിക്കാനുള്ള അവകാശം കമ്മിഷനു മാത്രമായിരിക്കണം,”എന്നാണ് 1949 ജൂണ് 15ന് ഭരണഘടനാ അസംബ്ലിയില് അനുച്ഛേദം 324 അവതരിപ്പിച്ചുകൊണ്ട് ഡോ. ബാബാ സാഹേബ് അംബേദ്കര് പറഞ്ഞത്.
അതേസമയം വോട്ടെണ്ണല്, തപാല് വോട്ടിങ്, മണ്ഡലം നിര്ണയം തുടങ്ങിയ പ്രധാന തിരഞ്ഞെടുപ്പ് രീതികളുടെ കാര്യത്തില് യുഎസ് സംസ്ഥാനങ്ങളില് വലിയ വ്യത്യാസമുണ്ട്. പക്ഷപാതപരമായി മണ്ഡലം നിര്ണയിക്കുന്നതു പോലുള്ള നടപടികളിലൂടെ ഒരു പ്രത്യേക രാഷ്ട്രീയ പാര്ട്ടിക്ക് പലപ്പോഴും അന്യായമായ നേട്ടം നല്കുന്നുവെന്ന് യുഎസ് സംസ്ഥാനങ്ങള്ക്കെതിരെ ആരോപണമുണ്ടാവുന്നു.
STORY HIGHLLIGHTS: us-election-swing-states-poll-update-as-trump-harris-locked-in-tight-race