നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് സ്ഥിരമായി ചൂട് വെള്ളം കുടിക്കുന്നത്. എന്നാല്‍ അത് ആരോഗ്യത്തിന് നല്ലതാണോ അതോ മോശമാണോ എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. വാസ്തവത്തില്‍ സ്ഥിരമായി ചെറുചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. കാലാവസ്ഥ വളരെ തണുപ്പുള്ളപ്പോഴോ തൊണ്ട വേദനയോ ദഹനക്കേട് ഉണ്ടാകുമ്പോഴോ, ശാരീരികമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിലോ ചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ജലദോഷമോ ചുമയോ മൂക്ക് ഞെരുക്കമോ ഉണ്ടെങ്കില്‍ ഒരു കപ്പ് ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കും. ജലദോഷമോ പനിയോ ഉള്ളപ്പോള്‍ ചൂട് വെള്ളം കുടിക്കുന്നത് മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചൂടുള്ള വെള്ളം കുടിക്കുന്നത് മൂക്കൊലിപ്പ്, തുമ്മല്‍, ചുമ, തൊണ്ടവേദന, വിറയല്‍, ക്ഷീണം എന്നിവയുടെ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്തും. മലബന്ധത്തിനുള്ള കാരണങ്ങളിലൊന്നാണ് നിര്‍ജ്ജലീകരണം, മലബന്ധം ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത്.
നല്ല ആരോഗ്യത്തിന് എപ്പോഴും ശരീരത്തില്‍ ജലാശം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ചൂട് വെള്ളം ഏറ്റവും നല്ലതാണ്. നിങ്ങള്‍ക്ക് വിറയലുണ്ടെങ്കില്‍, ഒരു കപ്പ് ചൂടുവെള്ളം കുടിക്കുക, അത് ഉടന്‍ തന്നെ വിറയല്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മന്ദത തോന്നുന്നുവെങ്കില്‍ ഒരു കപ്പ് ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുക.