തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയതിൽ പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ ഫോൺ പൊലീസിനു കൈമാറി. വിവരങ്ങളെല്ലാം നീക്കംചെയ്ത നിലയിൽ ഫോർമാറ്റ് ചെയ്തശേഷമാണു ഫോൺ നൽകിയതെന്നാണു വിവരം.
അന്വേഷണസംഘം ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോൺ അജ്ഞാതർ ഹാക്ക് ചെയ്തതാണെന്നും ഗോപാലകൃഷ്ണൻ മൊഴി നൽകിയെങ്കിലും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കി ഔദ്യോഗികതലത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള നീക്കം അദ്ദേഹം നടത്തിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ട് നാലാം ദിവസമാണു ഗോപാലകൃഷ്ണൻ പരാതി നൽകിയത്. പരാതി വൈകിയതും പൊലീസ് സംശയത്തോടെ കാണുന്നു. കഴിഞ്ഞ ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥർ വിളിച്ച് അന്വേഷിച്ചപ്പോഴാണു താൻ അഡ്മിൻ ആയി വാട്സാപ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി. ആദ്യം പേടിച്ചുപോയി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ഓൺ ചെയ്ത് ഗ്രൂപ്പുകൾ നീക്കംചെയ്തു.
ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നു. അതിൽ വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. ഇതിൽ, ഗ്രൂപ്പുകൾ എവിടെവച്ചാണ് ക്രിയേറ്റ് ചെയ്തത് എന്ന വിവരമാണു നിർണായകം. ഗോപാലകൃഷ്ണന്റെ ഫോൺ പുറമേനിന്നുള്ളവർ ഹാക്ക് ചെയ്തോ എന്ന് ഇതിലൂടെ മനസ്സിലാക്കാനാകുമെന്ന് അന്വേഷണസംഘം കരുതുന്നു.