ന്യൂഡൽഹി: കോവിഡ്-19 കാലത്ത് പരിശോധനകൾക്കായി രോഗികളിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ക്ലിനിക്കൽ പഠനം നടത്തും. രോഗബാധിതന്റെ ശരീരത്തിൽ വൈറസ് വരുത്തിയ മാറ്റങ്ങൾ ശാസ്ത്രീയമായി പഠിച്ച് ഭാവി മഹാമാരികളെ പ്രതിരോധിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
54 ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗാകും ഗവേഷണത്തിനു നേതൃത്വം നൽകുക. അണുബാധയുടെ കാരണം, രോഗപ്രതിരോധശേഷി, വൈറസിന്റെ പരിണാമം, രോഗിയുടെ ശരീരത്തിൽ വന്ന മാറ്റം തുടങ്ങിയവയാകും പഠനത്തിനു വിധേയമാക്കുക.
കോവിഡ് കഴിഞ്ഞ് 5 വർഷം പിന്നിട്ടിട്ടും രോഗബാധിതരിൽ 20% പേരിലും ദീർഘകാല കോവിഡാനന്തര (ലോങ് കോവിഡ്) ലക്ഷണങ്ങൾ തുടരുകയാണ്. ക്ഷീണം, ശ്വാസതടസ്സം, ബുദ്ധിമാന്ദ്യം, വിഷാദം തുടങ്ങി 200 ൽ അധികം ലക്ഷണങ്ങൾ കോവിഡനന്തര ബുദ്ധിമുട്ടായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കാരണങ്ങളും ബയോടെക്‌നോളജി വകുപ്പ് പഠനത്തിനു വിധേയമാക്കും. ദീർഘകാല സങ്കീർണതകളുടെ ജീവശാസ്ത്രം മനസ്സിലാക്കാനും അതിനാലുണ്ടാകുന്ന രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്താനും പഠനം സഹായിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.