കയ്റോ: ഗാസയിലെ ബെയ്ത്ത് ലഹിയയിൽ ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്കൻ മേഖലകളിൽ ഉള്ളവർ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ വീണ്ടും അറിയിപ്പു നൽകി. ബെയ്ത്ത് ലഹിയയിൽ ബാക്കിയുള്ള താമസക്കാരും ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യ ഗാസയിൽനിന്നും ജബാലിയയിൽനിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.
ലബനനിലേക്ക് ഇസ്രയേലും തിരിച്ച് ഹിസ്ബുല്ലയും ഇന്നലെയും റോക്കറ്റ് ആക്രമണം നടത്തി. 13 മാസത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ മരിച്ചവരുടെ എണ്ണം 3000 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള 100 പേരെ ഇന്ന് ഗാസയിൽനിന്നു യുഎഇയിലേക്കു മാറ്റുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 12,000 പേർ ഇതിനായി കാത്തിരിക്കുന്നുണ്ട്.ഗാസയിലെ ആക്രമണത്തിൽ 43,391 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.