തിരുവനന്തപുരം: നിരക്കുവർധന സർക്കാർ നടപ്പാക്കുന്നു. ജനങ്ങൾക്കു നൽകുന്ന വിവിധ സേവനങ്ങളുടെ ഫീസും റോയൽറ്റിയും പിഴയും ഉയർത്താൻ വകുപ്പു സെക്രട്ടറിമാർക്കു പൊതുഭരണവകുപ്പ് വീണ്ടും അനുമതി നൽകി. ഇതനുസരിച്ച് വകുപ്പുകൾ നിരക്കുകൾ വർധിപ്പിച്ചു തുടങ്ങി. അച്ചടി വകുപ്പിന്റെ 39 സേവനങ്ങളുടെ ഫീസ് 10% ഉയർത്തി.
ആഭ്യന്തരവകുപ്പിലെ പൊലീസ് സേവനങ്ങളുടെ നിരക്ക് ഏതാനും ആഴ്ച മുൻപു വർധിപ്പിച്ചതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റു വകുപ്പുകളും ഉടൻ നിരക്കുവർധനയിലേക്കു കടക്കും. വിവിധ വകുപ്പുകൾ 27,902 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നു സിഎജി കണ്ടെത്തിയിരിക്കെയാണ്, വരുമാന വർധനയ്ക്കായി സർക്കാർ വീണ്ടും ജനങ്ങളെ പിഴിയുന്നത്.
ക്രിമിനൽ പശ്ചാത്തലമില്ലെന്ന സർട്ടിഫിക്കറ്റ്, സിവിൽ കേസുകളുടെ സർട്ടിഫിക്കറ്റ് പരിശോധന, പൊലീസ് വാഹനങ്ങളുടെ വാടക, പൊലീസുകാരുടെ സേവനം, മൈക്ക് ലൈസൻസ് ഫീസ് എന്നിങ്ങനെ 38 ഇനങ്ങളുടെ നിരക്ക് 50% വരെയാണ് ആഭ്യന്തര വകുപ്പ് ഉയർത്തിയത്. ക്വാറികളുടെ റോയൽറ്റി വർധിപ്പിച്ച വ്യവസായ വകുപ്പ്, വ്യവസായികളെ ബുദ്ധിമുട്ടിക്കുമെന്നതിനാൽ മറ്റു നിരക്കുകൾ വർധിപ്പിക്കാനില്ലെന്ന് അറിയിച്ചു. സിപിഐയുടെ വകുപ്പുകൾ നിരക്കുവർധനയിലേക്കു കടന്നിട്ടില്ല. എന്നാൽ, എല്ലാവർക്കുംമേൽ സമ്മർദമുണ്ട്.