ഈറോഡ്: നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ 4.50 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയത്. കേസിൽ മാതാവ് ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിലായി. നവജാത ശിശുവിനെ വാങ്ങിയ കന്യാകുമാരി തക്കലയിലെ ദമ്പതികളായ ജയചന്ദ്രൻ (46), ഭാര്യ അഖില റാണി (38), തെങ്കാശി ശങ്കരൻകോവിൽ സ്വദേശി ജയപാലൻ (40), കുട്ടിയുടെ മാതാവ് നിത്യയ (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
തഞ്ചാവൂർ സ്വദേശിയായ നിത്യയ ഭർത്താവുമായി പിരിഞ്ഞ് ഈറോഡിലെത്തി നാമക്കൽ ജില്ലയിലെ തൃച്ചൻകോട് സ്വദേശി സന്തോഷ്കുമാറുമായി താമസിക്കുകയായിരുന്നു. ഇവർക്കു പിറന്ന പെൺകുഞ്ഞിനെയാണു കന്യാകുമാരിയിലെ ദമ്പതികൾക്കു വിറ്റത്. പണം കൈപ്പറ്റിയതിനു ശേഷമാണു നിത്യയ സന്തോഷ്കുമാറിനെതിരെ ജില്ലാ ശിശു സംരക്ഷണ സമിതിക്കു പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. പരാതി അന്വേഷിച്ച വീരപ്പസത്രം പൊലീസ് തിങ്കളാഴ്ച സന്തോഷ്കുമാർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ നിത്യയയെ ചോദ്യം ചെയ്തപ്പോഴാണു തന്റെ അറിവോടെയാണു കുട്ടിയെ വിൽപന നടത്തിയതെന്നു സമ്മതിച്ചത്.