News

ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചു: എംബി രാജേഷ്

ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി ആരോപിച്ചു.

എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. എന്നാൽ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. രണ്ട് വനിതാ നേതാക്കളുടെ മുറിയിൽ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎല്‍എയുമായ ടിവി രാജേഷിന്‍റെ മുറിയാണ് ആദ്യം പരിശോധിച്ചത്. പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എംവി നികേഷ് കുമാറിന്‍റെ മുറിയിലും പരിശോധന നടത്തി. അദ്ദേഹത്തെയും ഞാൻ വിളിച്ചിരുന്നു.

വിശദമായ പരിശോധന നടത്തിയെന്നാണ് ടിവി രാജേഷ് പറഞ്ഞത്. രണ്ട് നേതാക്കളുടെ മുറിയിൽ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പൊലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.

പാലക്കാട് പ്രതിരോധത്തിലായ യുഡിഎഫ് പിടിച്ചുകയറാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇന്നലത്തെ അവിടെ കണ്ടത്. വനിത പൊലീസ് എത്തിയാലേ പരിശോധിക്കാൻ കഴിയുകയുള്ളുവെന്ന് പറയുന്നത് ന്യായം.കഴി‍ഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പണമൊഴുക്കിയ വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നത്. ഇങ്ങനെയാണോ പൊലീസ് പരിശോധനയെ നേരിടേണ്ടത്. ഇത്തരമൊരു കോലാഹലമുണ്ടാക്കിയത് ദുരൂഹമാണ്. അങ്ങേയറ്റം സംശയാസ്പദമാണ്. എന്തിനാണ് ഇത്രയധികം ആളുകളെ കൂട്ടിയത്. ആളുകളെ കൂട്ടി പരിശോധന അട്ടിമറിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും എംബി രാജേഷ് ആരോപിച്ചു.