ഇന്ന് നമുക്ക് ഒരു പാലപ്പം റെസിപ്പി നോക്കാം. പലപ്പോഴും പലരും പാലപ്പം തയ്യാറാക്കുന്നത് യീസ്റ്റ് ചേര്‍ത്തിട്ടാകും അല്ലെ, എന്നാല്‍ യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ല. ഇനി പാലപ്പം തയ്യാറാക്കുമ്പോൾ യീസ്റ്റ് ചേർക്കാതെ തയ്യാറാക്കിക്കോളൂ. പാലപ്പം നല്ല സോഫ്റ്റ് ആകാന്‍ വേണ്ടിയാണ് പലപ്പോഴും യീസ്റ്റ് ചേര്‍ക്കുന്നത് എന്നാല്‍ യീസ്റ്റ് ചേര്‍ക്കാതെ തന്നെ നല്ല സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 1 ഗ്ലാസ്
- റവ – 2 ടേബിള്‍സ്പൂണ്‍
- തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങയുടെ
- തേങ്ങ വെള്ളം – കാല് ഗ്ലാസ്
- പഞ്ചസാര – 1 ടി സ്പൂണ്‍
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാനായി വയ്ക്കുക. കുതിര്‍ന്നു കഴിഞ്ഞാല്‍ അരച്ചെടുക്കണം അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക. ഇത് തണുക്കാന്‍ വയ്ക്കുക. ഇനി കുതിര്‍ന്ന അരി കഴുകി ഉറ്റി എടുത്തു തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. നല്ലപോലെ അരയണം. വെള്ളം അധികം ചേര്‍ക്കരുത്.
ഇനി ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം (നാളെ ഉണ്ടാക്കണമെങ്കില്‍ ഇന്ന് ഉച്ചയോടു കൂടി അരി കുതിര്ത്താന് ഇടണം എന്നിട്ട് വൈകുന്നേരം എടുത്തു അരച്ച് വയ്ക്കണം) പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അപ്പച്ചട്ടിയില്‍ കോരിയൊഴിച്ച് പാലപ്പം ഉണ്ടാക്കി എടുക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക. നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. രുചികരമായ പാലപ്പം തയ്യാര്‍..