കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാർട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് കെ സുധാകരൻ പറഞ്ഞു.
“എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? കള്ളപ്പണത്തിന്റയൊന്നും ഉടമസ്ഥർ ഞങ്ങളല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും പിണറായി വിജയന്റെ പാർട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്. ഞങ്ങളല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ എവിടെയാണ് അങ്ങനെയൊരു സംഭവമുള്ളത്? കോടാനുകോടികൾ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയൻ. രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം”- സുധാകരൻ പറഞ്ഞു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. പൊലീസുകാരെ കയറൂരി വിടുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.
അനധികൃത പണമില്ലെങ്കിൽ എന്തിനാണ് റെയ്ഡിനെ എതിർക്കുന്നതെന്ന ടി പി രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരൻ പറഞ്ഞു. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാൽ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകൾക്കും വായിൽത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളിൽ അർദ്ധരാത്രി പൊലീസ് നടത്തിയ പരിശോധന സംബന്ധിച്ചാണ് സുധാകരന്റെ പ്രതികരണം.