News

ഷൊർണൂരിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം.

മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.