രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിലെ കടുവകളെ കാണാനില്ല, കാണാതായത് ഒന്നും രണ്ടും കടുവകളെ അല്ല 25 കടുവകളെയാണ്. പിന്നാലെ മൂന്നംഗ കമ്മിറ്റിക്ക് അന്വേഷണ ചുമതല നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ. നവംബർ നാലിനാണ് പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനും ചേർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദീർഘകാലമായി കടുവകളെ നിരീക്ഷിച്ചതിന് പിന്നാലെയാണ് കടുവകൾ കാണാതായെന്ന് വ്യക്തമായതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
75 കടുവകളാണ് രൺഥംഭോർ ദേശീയോദ്യാനത്തിലുണ്ടായിരുന്നതെന്നാണ് കണക്കുകൾ. ഇതിൽ അടുത്തിടെ രണ്ട് കടുവകൾ ചത്തിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി 11 കടുവകളുടെ യാതൊരു വിവരവും ലഭ്യമല്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദമാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 14 കടുവകളുടെ സൂചനകൾ പോലുമില്ലാതായെന്നും അന്വേഷണത്തിനുള്ള ഉത്തരവ് വ്യക്തമാക്കി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുന്നതെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ വിശദമാക്കുന്നു.