ഏറെ കാലത്തിനു ശേഷം മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോ ലുക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുറച്ചുകാലമായി സുരേഷ് ഗോപിയുടെ ലുക്ക് വെള്ളത്താടിയുള്ള മുഖമായിരുന്നു. ആ താടി തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി പുതിയ ഗെറ്റപ്പ് പുറത്തു വിട്ടത്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. താടി വടിച്ചതോടെ സുരേഷ് ഗോപിയുടെ പഴയ വിന്റേജ് ലുക്ക് തിരിച്ചു കിട്ടിയെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
പുതിയ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ഒറ്റക്കൊമ്പന്‍ എന്തായെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ പ്രോജക്ട് താല്‍ക്കാലികമായി നീട്ടിവച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. 2020ല്‍ പ്രഖ്യാപിച്ച ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം എന്ന നിലയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മാത്യു തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാര്‍. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാകും. നായികയും വില്ലനും ബോളിവുഡില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.