Celebrities

‘നാലിലൊന്ന് ആ സിനിമയില്‍ കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വിവാദം വരില്ലായിരുന്നു’; ആരോപണങ്ങള്‍ക്ക് ആദര്‍ശിന്റെ മറുപടി | joju george

ജോജു ജോര്‍ജ് നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് പണി. കഴിഞ്ഞ ദിവസമാണ് പണി തീയേറ്ററുകളിലേക്ക് എത്തുന്നത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് ജോജു ജോര്‍ജ്. തന്റെ സിനിമയെ വിമര്‍ശിച്ച യുവാവിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജുവിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ആദര്‍ശ്. ജോജുവും കോണ്‍ഗ്രസും തമ്മില്‍ 2021 ലുണ്ടായ പ്രശ്‌നത്തിന്റെ റിവഞ്ച് ആണ് സിനിമക്കെതിരെ ആദര്‍ശ് തീര്‍ക്കുന്നത് എന്ന ആരോപണത്തിന് ആദര്‍ശ് മറുപടി നല്‍കുന്നുണ്ട്. തന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള ചര്‍ച്ചകളോടും ആദര്‍ശ് പ്രതികരിക്കുന്നുണ്ട്. ആദര്‍ശ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

തീയ്യറ്ററില്‍ പണം നല്‍കി കണ്ട ഒരു സിനിമയുടെ റിവ്യൂ എഴുതി പോയി എന്നതിന്റെ പേരില്‍ ആദ്യം ഭീഷണിയും ശേഷം അതിനോട് പ്രതികരിച്ചതിന്റെ പേരില്‍ എനിക്കെതിരെ വലിയ കോണ്‍സ്പിറസി തിയറികളുമാണ് ജോജുവും അഖില്‍ മാരാര്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ആരോപണം 1 : ആദര്‍ശ് കേവലമൊരു സാധാരണക്കാരന്‍ അല്ലെന്നും മുന്‍ മാധ്യമ പ്രവര്‍ത്തകനും, കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിക്കുന്ന വ്യക്തിയുമാണത്രേ. മാത്രവുമല്ല ഇയാള്‍ക്ക് പ്രസംഗ മത്സരങ്ങളും സംവാദ മത്സരങ്ങളും ജയിച്ച പാരമ്പര്യവും ഉണ്ടത്രേ.

മറുപടി : മേല്പറഞ്ഞ വസ്തുതകളൊന്നും ഞാന്‍ ഒരിടത്തും മറച്ചു വച്ചിട്ടില്ല. ജോജു എന്നെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കാളില്‍ പോലും മുന്‍പൊരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തതിനെ കുറിച്ച് ഞാന്‍ വ്യക്തമാക്കുന്നുണ്ട്. എന്തോ വലിയ അധോലോക ബന്ധം പോലെയാണ് ഈ വസ്തുതകളെ അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇവയെല്ലാം വര്‍ഷങ്ങളോളമുള്ള എന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഞാന്‍ പിന്നിട്ട വഴികളാണ്. വെറുതെയൊന്ന് എന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്ന ഏതൊരാള്‍ക്കും ഇതെല്ലാം അതില്‍ തന്നെ കാണാന്‍ കഴിയും. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിനിമ കാണാന്‍ പാടില്ലെന്നോ അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ പാടില്ലെന്നോ നമ്മുടെ ഭരണഘടനയിലോ മറ്റൊരു നിയമത്തിലോ പറയുന്നില്ല.

ആരോപണം 2 : ജോജുവും കോണ്‍ഗ്രസും തമ്മില്‍ 2021 ലുണ്ടായ പ്രശ്‌നത്തിന്റെ പ്രതികാരം ആണ് സിനിമക്കെതിരെ ആദര്‍ശ് തീര്‍ക്കുന്നത്.

മറുപടി : 2021 ല്‍ നടന്ന സംഭവത്തിന് റിവഞ്ച് എടുക്കാന്‍ 3 വര്‍ഷം കാത്തിരുന്നു പ്ലാന്‍ തയ്യാറാക്കി ജോജുവിനെ കുടുക്കാന്‍ ഞാന്‍ മണി ഹെയ്സ്റ്റ് സീരിസിലെ പ്രൊഫസ്സറോ ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയോ ഒന്നുമല്ല. വെറും ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥിയാണ്. മിനിമം എന്റെ നമ്പര്‍ കണ്ടെത്തി എന്നെ ഇങ്ങോട്ട് വിളിച്ചത് ജോജു ആണെന്ന് അറിഞ്ഞു വച്ചുകൊണ്ട് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനുള്ള മാന്യത എങ്കിലും കാണിക്കണം. ഈ മൂന്ന് വര്‍ഷ കാലയളവില്‍ ചുരുളി ഉള്‍പ്പടെ ജോജു അഭിനയിച്ച നിരവധി സിനിമകളെ കുറിച്ച് ഞാന്‍ പോസിറ്റീവ് അഭിപ്രായം എഴുതിയിട്ടുണ്ട്. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കാളില്‍ പോലും ജോസഫിലെ അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചാണ് സംസാരിച്ചതും.

ആരോപണം 3: ആദര്‍ശിന്റെ മാനസികനില ശരിയല്ല. ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണിക്കണം.

മറുപടി : റേപ്പിന്റെ രാഷ്ട്രീയം മനസിലാകാത്തവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളുടെ അവസ്ഥയെ വച്ച് ഒരാളെ പരിഹസിക്കാതിരിക്കാനുള്ള വകതിരിവ് ഇല്ലെന്ന് അറിയാം. എങ്കിലും പറയുകയാണ്. ഒരാള്‍ സൈക്കോളജിക്കല്‍ ഇഷ്യൂ നേരിടുന്നുണ്ടെങ്കില്‍ അയാളെ empathetical ആയി നോക്കി കാണാനാണ് എന്റെ വിദ്യാഭ്യാസം എന്നെ പഠിപ്പിച്ചത്. എന്റെ സൈക്കോളജിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു അഖിലിനും നല്‍കേണ്ട ബാധ്യതയും എനിക്കില്ല.

ഇവരുടെ കോണ്‍സ്പിറസികളില്‍ ഇനി അവശേഷിക്കുന്നത് എനിക്ക് ഖുറേഷി എബ്രഹാം ഗാങ്ങുമായി ബന്ധമുണ്ടെന്നും, ഞാന്‍ ഇല്ലുമിനാറ്റി ആണെന്ന വാദവും മാത്രവുമാണ്. അതുകൂടി വന്ന് കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണം. എനിക്കെതിരെ ഇത്തരം കഥകള്‍ മെനയാനുള്ള സര്‍ഗ്ഗാത്മകതയുടെയും അധ്വാനത്തിന്റെയും നാലിലൊന്ന് ആ സിനിമയില്‍ കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വിവാദം തന്നെ ആവശ്യം വരില്ലായിരുന്നു. കോണ്‍സ്പിറസികളും നിങ്ങളുടെ പിആര്‍ ടീമിനെ ഉപയോഗിച്ചുള്ള കമന്റ് ബോക്‌സിലെ തെറിവിളികളും തുടരുക. എഴുത്ത് അവസാനിപ്പിച്ചു കളയാം എന്ന വ്യാമോഹം മാത്രം അരുത്. കഴുത്ത് പോകുമെന്ന് ഭീഷണിപ്പെടുത്തിയാലും എഴുത്ത് തുടര്‍ന്നിരിക്കും.

content highlight: adarsh-hs-gives-reply-to-allegations-against-him