News

ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയ പ്രതി പിടിയിൽ

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ച പ്രതി പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് പ്രതി ഹരിലാലിനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൻ്റെ കാശ് മുഴുവൻ പോയെന്ന് പരാതി പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അന്വേഷിച്ചപ്പോൾ ഇയാൾ മദ്യലഹരിയിലാണെന്നും സംഭവം വ്യാജമാണെന്നും മനസിലായി. തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചിച്ചുണ്ടെന്ന് ഭീഷണിപ്പെടുത്തുന്നത്.

സൗത്ത് റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ് ഹരിലാൽ എന്നാണ് വിവരം. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.