നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിൽ പണം ഉണ്ടായിരുന്നെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്താമെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ആളാണ് ഫെനിയെന്നും അദ്ദേഹം മുറിയിൽ വരുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്നും രാഹുൽ ചോദിച്ചു. ഫെനി കെഎസ്‌യു സംസ്ഥാന സെക്രട്ടറിയാണ്. അയാൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമാണ്. പെട്ടിയിൽ പണം ഉണ്ടായിരുന്നെന്ന് തെളിയിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. നീല നിറത്തിലുള്ള ട്രോളി ബാഗ് മുന്നിൽ വെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഞാൻ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും പിന്നിലൂടെ ഇറങ്ങുന്നതും സിപിഎം പ്രദർശിപ്പിക്കട്ടെ. അങ്ങനെയൊരു സിസിടിവി ദൃശ്യമുണ്ടെങ്കിൽ ഞാൻ എന്റെ പ്രചാരണം നിർത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാലും ഈ പ്രചാരണം നിർത്തും. ഹോട്ടലിൽ സാധാരണ പെട്ടിയുമായാണ് പോകാറുള്ളത്. നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്. എന്റെ വസ്ത്രങ്ങളാണ് അതിൽ. ബോർഡ് റൂമിൽ വെച്ച് പെട്ടി തുറന്നിട്ടുമുണ്ട്. പൊലീസിന് പരിശോധന നടത്താൻ പെട്ടി കൊടുക്കാൻ തയ്യാറാണ്’- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നും കെ.എസ്.യു നേതാവ് ഫെനിയാണ് ബാഗ് കൊണ്ടുവന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ആരോപിച്ചു. അതിനിടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു.