പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെന്‍ഷന്‍ & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ (DOPPW) , മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (DLC) കാമ്പയിന്‍ 3.0 തുടങ്ങി. 2024 നവംബറില്‍ രാജ്യവ്യാപകമായാണ് കാമ്പയിന്‍ നടക്കുന്നത്.ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ വഴി ഈ രീതിയില്‍ പെന്‍ഷന്‍കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം.
പെന്‍ഷന്‍ വിതരണ അതോറിറ്റികളെ സന്ദര്‍ശിച്ചായിരുന്നു ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിയിരുന്നത്. പ്രായമായ വ്യക്തികള്‍ക്ക് പലപ്പോഴും ഇത് അസൗകര്യം സൃഷ്ടിച്ചിരുന്നു. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ (ജീവന്‍ പ്രമാണ്‍) 2014-ലാണ് ഡിഒപിപിഡബ്യൂ അവതരിപ്പിച്ചത്. നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് 2021ല്‍ ബയോമെട്രിക് ഉപകരണങ്ങള്‍ ഒഴിവാക്കി മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ നടപ്പിലാക്കി.
37 സ്ഥലങ്ങളില്‍ 2022ല്‍ DOPPW സംഘടിപ്പിച്ച കാമ്പയിനില്‍ ഇത്തരത്തില്‍ 1.41 കോടി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 100 ലൊക്കേഷനുകളിലേക്ക് കൂടി കാമ്പയിന്‍ വ്യാപിപ്പിക്കുകയും 1.47 കോടി ഡിഎല്‍സികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇക്കൊല്ലം നവംബര്‍ ഒന്നു മുതല്‍ മുപ്പതു വരെ 800 ലൊക്കേഷനുകളിലാണ് രാജ്യവ്യാപകമായി ‘കാമ്പയിന്‍ 3.0’ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്, ഇതര ബാങ്കുകള്‍, പെന്‍ഷനേഴ്സ് അസോസിയേഷനുകള്‍, UIDAI, MEITY, പ്രതിരോധ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, DOT എന്നിവയാണ് പദ്ധതിയുടെ പ്രധാന പങ്കാളികള്‍.
ഡിജിറ്റല്‍ സമര്‍പ്പണങ്ങള്‍ക്ക് പെന്‍ഷന്‍കാരെ സഹായിക്കാന്‍ നഗരങ്ങളിലുടനീളം ക്യാമ്പുകള്‍ സംഘടിപ്പിക്കുക, സൂപ്പര്‍ സീനിയര്‍ അല്ലെങ്കില്‍ വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഡിഎല്‍സി പോര്‍ട്ടല്‍ വഴി ഡിഒപിപിഡബ്ല്യൂവില്‍ നിന്നുള്ള മേല്‍നോട്ടത്തില്‍ സോഷ്യല്‍ മീഡിയ പ്രചാരണവും ഇതോടൊപ്പമുണ്ടാവും. വിദൂരത്തോ ഒറ്റപ്പെട്ടതോ ആയ സ്ഥലങ്ങളിലെ യാത്ര പരിമിതിയുള്ളവര്‍ക്കുവരെ ഈ സംവിധാനത്തിന്റെ പ്രയോജനം ഉറപ്പാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം, പട്ടം, തമ്പാനൂര്‍, നന്തന്‍കോട്, കൈതമുക്ക് ശാഖകളിലാണ് ഈ വര്‍ഷം ക്യാമ്പുകള്‍ നടക്കുന്നത്. പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനും വിവിധ ഡിജിറ്റല്‍ മോഡുകള്‍ ഉപയോഗിക്കുന്നതിനും സഹായിക്കുന്നതിന്റെ ഭാഗമായി ഡിഒപിപിഡബ്യൂ അണ്ടര്‍ സെക്രട്ടറി നാഗേന്ദര്‍ കുമാര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഈ ക്യാമ്പുകളില്‍, യുഐഡിഎഐ പെന്‍ഷന്‍കാര്‍ക്ക് ആധാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇതര സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായവും ലഭിക്കും.
CONTENT HIGHLIGHTS;Digital Life Certificate Campaign 3.0 at SBI Branches: Camps are being held this year at Thiruvananthapuram, Pattam, Thampanoor, Nantankode and Kaitamuk branches.