വേണ്ടത്ര പരിശോധനയില്ലാതെ പോളിസി നൽകിയ ശേഷം നേരത്തെ തന്നെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. 3,07,849/- രൂപ ഉപയോക്താവിനു നൽകണമെന്നു സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കു കോടതി നിർദ്ദേശം നൽകി.
സ്വകാര്യ ആശുപത്രിയിൽ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ എറണാകുളം സ്വദേശി കെ പി റെൻദീപ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്ടിമ ഇൻഷുറൻസ് പ്ലാനിൽ 2018 ലാണ് പരാതിക്കാരൻ ചേർന്നത്.
ശസ്ത്രക്രിയ ചെലവായി 3,07,849/- രൂപ ചെലവായി.പോളിസി എടുക്കുന്നതിനു മുമ്പേ ഈ അസുഖം ഉണ്ടായിരുന്നുവെന്നും അക്കാര്യം മറച്ചുവെച്ചുകൊണ്ടാണു പരാതിക്കാരൻ പോളിസി എടുത്തതെന്നും എതിർകക്ഷി ബോധിപ്പിച്ചു. മാത്രമല്ല ആദ്യ രണ്ടു വർഷം ഇത്തരം അസുഖത്തിനുള്ള ചെലവിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നു എതിർകക്ഷി വാദിച്ചു.
മെഡിക്കൽ നോട്ടിൽ ഡോക്ടർ ചോദ്യചിഹ്നമാണ് ഇട്ടതെന്നും നിർണായകമായി ഇത്തരത്തിലുള്ള ഒരു രോഗമുണ്ടെന്നു വ്യക്തതയോടെ അറിയിച്ചിട്ടില്ലെന്നും പരാതിക്കാരൻ ബോധിപ്പിച്ചു. ഇൻഷുറൻസ് പോളിസി സ്വീകരിക്കുമ്പോൾ തന്നെ ഉപഭോക്താവിന് എന്തെങ്കിലും രോഗമുണ്ടോ എന്നു പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ബാധ്യത ഇൻഷുറൻസ് കമ്പനിക്ക് തന്നെയാണ്. പോളിസി സ്വീകരിച്ചതിനുശേഷം നേരത്തെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി .
ശസ്ത്രക്രിയക്കു ചെലവായ തുക കൂടാതെ 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി അഡ്വ. സജി ഐസക് ഹാജരായി.
CONTENT HIGHLIGHTS;Insurance claim denied on suspicion of pre-existing illness, verdict to pay Rs 4.5 lakh compensation