മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കേടായതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിന് വകുപ്പിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന സമിതി അന്വേഷണം പൂര്‍ത്തിയാക്കി 2 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
30 ഡിഗ്രി ടെലിസ്‌കോപ്, ലൈറ്റ് സോഴ്‌സ് കേബിള്‍ എന്നിവ കേടാകുന്നതിന് മുമ്പ് ഒരു മാസം ശരാശരി എത്ര ശസ്ത്രക്രിയകളാണ് നടത്തിയിരുന്നതെന്നും തകരാര്‍ പരിഹരിച്ച ശേഷം ഒരു മാസം എത്ര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ എത്ര ശസ്ത്രക്രിയകള്‍ നടത്താനുണ്ടെന്നും ചട്ടലംഘനം നടത്തിയ സീനീയര്‍ ഫാക്കല്‍റ്റിമാര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്‌പെഷ്യല്‍ ഓഫീസര്‍, നഴ്‌സിംഗ് വിഭാഗം ജോയിന്റ് ഡയറക്ടര്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്റോളജി വിഭാഗം മേധാവി എന്നിവര്‍ അംഗങ്ങളായി ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 ല്‍ എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങിയ 30 ഡിഗ്രി ടെലിസ്‌കോപ്പ്, ലൈറ്റ് സോഴ്‌സ് കേബിള്‍ എന്നിവ കേടായതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോളജി വിഭാഗത്തിലെ സങ്കീര്‍ണവും വിലയേറിയതും അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഉപകരണങ്ങള്‍ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോളജി വിഭാഗം യൂണിറ്റ് 3 ല്‍ ശസ്ത്രക്രിയാ ദിവസം ലൈറ്റ് കേബിള്‍ സോഴ്‌സ് കേടായതായി കണ്ടെത്തി. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കല്‍റ്റിക്കും നഴ്‌സിംഗ് അസിസ്റ്റന്റ്മാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഓപ്പറേഷന്‍ തീയറ്ററില്‍ സീനിയര്‍ യൂറോളജി ഫാക്കല്‍റ്റികള്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
30 ഡിഗ്രി ടെലിസ്‌കോപ്പ്, ലൈറ്റ് സോഴ്‌സ് കേബിള്‍ എന്നിവ കേടായതു ആകസ്മികമായാണോ അതോ മനപൂര്‍വ്വമാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണത്തിന് മറ്റൊരു അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചു. ഓപ്പറേഷന്‍ തിയേറ്ററില്‍ സീനീയര്‍ ഫാക്കല്‍റ്റിമാര്‍ ചട്ടലംഘനം നടത്തിയതും യൂണിറ്റ് ചീഫ് അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരാകാത്തതും ഗുരുതരവീഴ്ചയായി കണക്കാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ജി.എസ് ശ്രീകുമാര്‍, ജോസ് വൈ. ദാസ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ജനുവരിയിലെ സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും.