നിർമാതാവ് സാന്ദ്രാ തോമസിനെതിരായ നടപടിയിൽ സിനിമാ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. സ്ത്രീവിരുദ്ധ അവസ്ഥയിലേയ്ക്ക് സിനിമാ നിർമാതാക്കളുടെ സംഘടന എത്തിയെന്നാണ് വിമർശനം. സംഘടനയിൽ നിന്ന് പുറത്താക്കിയ നിർമാതാവ് സാന്ദ്രാ തോമസിന് പിന്തുണ നൽകുന്നതായും ഡബ്ലിയുസിസി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങൾ നടപ്പാക്കുന്നു എന്നതാണ് പ്രധാന വിമർശനം. നിർമ്മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിശബ്ദതയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവർത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നു എന്നും ഡബ്ലിയുസിസി. പരാതി ഉന്നയിച്ച അതിജീവിതയെന്ന നിലയില്‍ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ? എന്നും ഡബ്ലിയുസിസി ചോദിക്കുന്നു. #അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നിർമാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്രയെ സംഘടന പുറത്താക്കിയത്.