തിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ പെൻഷൻ പ്രായം 58-ൽ നിന്ന് 60 ആക്കാൻ ശുപാർശ. സഹകരണ പെൻഷൻ പരിഷ്കരണത്തിനുവേണ്ടി സർക്കാർ നിയോഗിച്ച സമിതിയാണ് ശുപാർശ നൽകിയത്. പ്രായം ഉയർത്തുന്നത് പെൻഷൻബോർഡിന്റെ വലിയ സാമ്പത്തികബാധ്യത കുറയ്ക്കുന്നതിന് വഴിവെക്കുമെന്നാണ് സമിതി പറയുന്നത്. റിട്ട. ജില്ലാ ജഡ്ജി എൻ. രാജേന്ദ്രൻ നായർ ചെയർമാനായ സമിതിയാണ് ശുപാർശ നൽകിയത്. പെൻഷൻ തുകയിൽ 2% വർധനയും നിർദേശിച്ചിട്ടുണ്ട്. സർക്കാർ വിഹിതമില്ലാത്ത പെൻഷൻ പദ്ധതിയാണ് സഹകരണ സംഘങ്ങളിലുള്ളത്. ജീവനക്കാർ നൽകുന്ന വിഹിതവും അതിൽ നിന്നുള്ള പലിശ വരുമാനവും ചേർത്താണ് പെൻഷൻ നൽകുന്നത്.